ശക്തനും സ്നേഹിക്കുന്നവനും
2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. "കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു " എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല ... ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. "
സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: " അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. " (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.
"യഹോവ ... അരുളിച്ചെയ്തു " എന്നാൽ " .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല" ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)
ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.
പരിശോധന
എന്റെ ആണ്മക്കളെ ഞാൻ ആദ്യമായി 14000 അടി ഉയരമുള്ള മലകയറുവാൻ കൊണ്ടു പോയപ്പോൾ, - അവർ പരിഭ്രാന്തരായി. അവർക്കത് സാധിക്കുമോ? അവർ വെല്ലുവിളി നേരിട്ടിരുന്നോ? എന്റെ ഇളയ മകൻ ഇടയ്ക്കിടയ്ക്ക് വിശ്രമത്തിനായി നിന്നു. "ഡാഡി, എനിക്ക് ഇനിയും മുൻപോട്ട് പോകാൻ കഴിയില്ലായെന്ന്" അവൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ പരീക്ഷ അവർക്ക് നല്ലതാണെന്നും അതിനായി അവർ എന്നിൽ വിശ്വസിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. കൊടുമുടിയിൽ എത്തുന്നതിന് ഒരു മൈൽ മുൻപേ, എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ മകൻ ഞങ്ങളെ പിന്നിലാക്കി കൊടുമുടി തൊട്ടു. അവന്റെ ഭയത്തിന്റെ നടുവിലും എന്നിൽ വിശ്വസിച്ചതിനാൽ അവൻ സന്തോഷവാനായിരുന്നു.
മലയ കയറുമ്പോൾ യിസ്സഹാക്കിന് തന്റെ പിതാവിലുണ്ടായിരുന്ന വിശ്വാസത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നാറുണ്ട്. അതിലുമുപരിയായി, തന്റെ മകന്റെമേൽ കത്തി ഉയർത്തിയ അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിൽ എനിക്ക് വാക്കുകളില്ല. (ഉല്പ.22:10). ആശയക്കുഴപ്പത്താൽ തകർന്ന ഹൃദയമായിരുന്നിട്ടും അബ്രഹാം ദൈവത്തെ അനുസരിച്ചു. ദയയോടെ ഒരു ദൂതൻ അവനെ തടഞ്ഞു. "ബാലന്റെമേൽ കൈവയ്ക്കരുതെന്ന്" ദൈവത്തിന്റെ ദൂതൻ പറഞ്ഞു (വാ.12). യിസ്സഹാക്ക് മരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
ഈ വ്യത്യസ്തമായ സംഭവുമായി നമ്മുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക, ആ അദ്ധ്യത്തിന്റെ ആരംഭ വാക്യങ്ങൾ "ദൈവം അബ്രഹാമിനെ പരീക്ഷിച്ചു" എന്നാണ്(വാ.1). തനിക്ക് നേരിട്ട പരിശോധനയിലൂടെ താൻ ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്ന് അബ്രഹാം പഠിച്ചു. ദൈവത്തിന്റെ സ്നേഹിക്കുന്ന ഹൃദയത്തെയും ആഴമാർന്ന കരുതലിനെയും അവൻ മനസ്സിലാക്കി.
നമ്മുടെ ആശയക്കുഴപ്പത്തിലും, അന്ധകാരത്തിലും, പരിശോധനയിലും നാം നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. നമ്മുടെ പരീക്ഷകൾ ദൈവവുമായുള്ള ആഴത്തിലുള്ള വിശ്വസത്തിലേക്ക് നമ്മെ നയിക്കുന്നു.
സത്യവും നുണകളും ജാഗ്രതയുള്ളവരും
2018 ലെ ബേസ്‌ബോൾ സീസണിൽ, ഒരു പരിശീലകൻ ഡഗൗട്ടിൽ ഇരിക്കുന്ന ഒരു പയ്യന് പന്തു നൽകാൻ ആഗ്രഹിച്ചു. എന്നാൽ കോച്ച് അവന്റെ നേർക്ക് എറിഞ്ഞ പന്ത് ഒരു മനുഷ്യൻ തട്ടിയെടുത്തു. ഇതിന്റെ വീഡിയോ വൈറലായി. വാർത്താ ഏജൻസികളും സോഷ്യൽ മീഡിയയും ഒരു മനുഷ്യന്റെ ഈ ക്രൂരതയെ അപലപിച്ചു. അതല്ലാതെ കാഴ്ചക്കാർക്ക് മുഴുവൻ കഥയും അറിയില്ലായിരുന്നു. നേരത്തെ, ആ കുട്ടിയെ ഒരു പന്തെടുക്കാൻ ആ മനുഷ്യൻ സഹായിച്ചിരുന്നു; അവരുടെ നേർക്കു വരുന്ന അധിക പന്തുകൾ പങ്കിടാൻ അവർ സമ്മതിച്ചിരുന്നു. നിർഭാഗ്യവശാൽ, യഥാർത്ഥ കഥ പുറത്തുവരാൻ ഇരുപത്തിനാലു മണിക്കൂർ എടുത്തു. നിരപരാധിയായ ഒരു മനുഷ്യനെ പൈശാചികവൽക്കരിച്ചുകൊണ്ട് ആൾക്കൂട്ടം അതിന്റെ നാശനഷ്ടങ്ങൾ ഇതിനകം നടത്തിയിരുന്നു.
പലപ്പോഴും, ഭാഗങ്ങൾ മാത്രം ഉള്ളപ്പോഴും നമുക്ക് മുഴുവൻ വസ്തുതകളും കൈയിലുണ്ടെന്ന് നാം കരുതുന്നു. നമ്മുടെ ആധുനിക എനിക്കെല്ലാം മനസ്സിലായി സംസ്‌കാരത്തിൽ, മുഴുവൻ കഥയും കേൾക്കാതെ നാടകീയമായ വീഡിയോകളുടെ ശകലങ്ങളും പ്രകോപിപ്പിക്കുന്ന ട്വീറ്റുകളും ഉപയോഗിച്ച്, ആളുകളെ അപലപിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ''വ്യാജവർത്തമാനം പരത്തരുത്'' എന്നു തിരുവെഴുത്ത് മുന്നറിയിപ്പ് നൽകുന്നു (പുറപ്പാട് 23:1). ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് നുണപ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കി സത്യം സ്ഥിരീകരിക്കാൻ സാധ്യമായതെല്ലാം നാം ചെയ്യണം. ജാഗ്രത പുലർത്തുന്ന ഒരു ആത്മാവ് പിടിമുറുക്കുമ്പോഴും വികാരങ്ങൾ ആളിക്കത്തിക്കുമ്പോഴും ന്യായവിധിയുടെ തിരമാലകൾ ഉയരുമ്പോഴും നാം ജാഗ്രത പാലിക്കണം. ''ന്യായം മറിച്ചുകളയുവാൻ ബഹുജനപക്ഷം ചേരുന്നതിൽനിന്ന്'' നാം നമ്മെത്തന്നെ സൂക്ഷിക്കണം (വാ. 2).
യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, അസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ജ്ഞാനം പ്രകടിപ്പിക്കാനും നമ്മുടെ വാക്കുകൾ സത്യമാണെന്ന് ഉറപ്പാക്കാനും നമുക്ക് ആവശ്യമുള്ളത് അവിടുന്ന് നൽകട്ടെ.
നല്ല കുഴപ്പം
ജോൺ ലൂയിസ് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് 2020 ൽ മരണമടഞ്ഞപ്പോൾ, രാഷ്ട്രീയ രംഗത്തു നിന്നുള്ള നിരവധി ആളുകൾ വിലപിച്ചു. കറുത്ത പൗരന്മാർക്ക് വോട്ടവകാശം നേടുന്നതിനായി 1965 ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനോടൊപ്പം ലൂയിസ് മാർച്ച് നടത്തി. മാർച്ചിനിടെ, ലൂയിസിനു തലയോട്ടിയിൽ പരിക്കേറ്റു, അതിന്റെ അടയാളം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ ശിരസ്സിലുണ്ടായിരുന്നു. ''ശരിയല്ലാത്തതും, നീതിയല്ലാത്തതും ന്യായമല്ലാത്തതുമായ എന്തെങ്കിലും നിങ്ങൾ കാണുമ്പോൾ, അതിനെതിരെ എന്തെങ്കിലും പറയാനോ ചെയ്യാനോ നിങ്ങൾക്ക് ധാർമ്മികമായ ബാധ്യതയുണ്ട്'' അദ്ദേഹം പറഞ്ഞു, ''അതിനെതിരെ ശബ്ദമുയർത്താനും നല്ലതും അനിവാര്യവുമായ കുഴപ്പങ്ങളിൽ അകപ്പെടാനും ഭയപ്പെടരുത്.''
ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനും സത്യത്തോടു വിശ്വസ്തത പുലർത്തുന്നതിനും ''നല്ല'' കുഴപ്പങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ലൂയിസ് നേരത്തെ മനസ്സിലാക്കി. ജനപ്രിയമല്ലാത്ത കാര്യങ്ങൾ താൻ സംസാരിക്കേണ്ടതുണ്ട്. ആമോസ് പ്രവാചകനും ഇത് അറിയാമായിരുന്നു. യിസ്രായേലിന്റെ പാപവും അനീതിയും കണ്ടിട്ട് അവനു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ശക്തരായവർ ''വെട്ടുകല്ലുകൊണ്ടു വീട് പണിയുകയും'' ''മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും'' ചെയ്യുന്നതോടൊപ്പം, ''നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും'' ചെയ്യുന്നു (ആമോസ് 5:11-12). മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നതിലൂടെ സ്വന്തം സുരക്ഷയും ആശ്വാസവും നിലനിർത്തുന്നതിനുപകരം ആമോസ് തിന്മയെ നേരിട്ടു. പ്രവാചകൻ നല്ലതും ആവശ്യമുള്ളതുമായ കുഴപ്പങ്ങൾ ഉണ്ടാക്കി.
എന്നാൽ ഈ പ്രശ്‌നം എല്ലാവർക്കുമുള്ള നീതി ലക്ഷ്യമിടുന്നതായിരുന്നു. ''നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ!'' ആമോസ് ഉദ്‌ഘോഷിച്ചു (വാ. 24). നാം നല്ല കുഴപ്പങ്ങളിൽ അകപ്പെടുമ്പോൾ (നീതി ആവശ്യപ്പെടുന്ന ധാർമ്മികവും അഹിംസാത്മകവുമായ കുഴപ്പം), ലക്ഷ്യം എല്ലായ്‌പ്പോഴും നന്മയും സൗഖ്യവും ആയിരിക്കും.
ഉറപ്പായ വിസമ്മതം
രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികള്‍ ഫ്രാന്‍സ് ജയ്‌ഗെര്‍സ്റ്റെയ്റ്ററെ തിരഞ്ഞെടുത്തപ്പോള്‍, അദ്ദേഹം അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറിനോടു വ്യക്തിപരമായ കൂറു പ്രഖ്യാപിക്കുന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചു. അധികാരികള്‍ ഫ്രാന്‍സിനെ തന്റെ ഫാമിലേക്കു മടങ്ങാന്‍ അനുവദിച്ചെങ്കിലും പിന്നീട് അവര്‍ അദ്ദേഹത്തെ ഡ്യൂട്ടിക്കു വിളിപ്പിച്ചു. നാസി പ്രത്യയശാസ്ത്രത്തെ അടുത്തറിയുകയും യെഹൂദ വംശഹത്യയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷം, ജയ്‌ഗെര്‍സ്റ്റെയ്റ്റര്‍, ദൈവത്തോടുള്ള തന്റെ വിശ്വസ്തത, നാസികള്‍ക്കുവേണ്ടി ഒരിക്കലും പോരാടാന്‍ അനുവദിക്കുന്നില്ലെന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. ഭാര്യയും മൂന്നു പെണ്‍മക്കളും അനാഥരായി.
വര്‍ഷങ്ങളായി, യേശുവിലുള്ള അനേകം വിശ്വാസികള്‍ - മരണഭീഷണിയുടെ നടുവിലും - ദൈവത്തോട് അനുസരണക്കേടു കാണിക്കാന്‍ കല്പിക്കുമ്പോള്‍ ഉറച്ച വിസമ്മതം രേഖപ്പെടുത്താറുണ്ട്. അത്തരമൊരു കഥയാണ് ദാനീയേലിന്റേത്. ''മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും'' (ദാനീയേല്‍ 6:12) എന്ന രാജകീയ വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ദാനീയേല്‍ സുരക്ഷ നിരസിക്കുകയും വിശ്വസ്തത പാലിക്കുകയും ചെയ്തു. ''താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് സ്‌തോത്രം ചെയ്തു'' (വാ. 10). എന്തു വില കൊടുക്കേണ്ടി വന്നാലും പ്രവാചകന്‍ ദൈവമുമ്പാകെ മാത്രമേ മുട്ടുകുത്തുകയുള്ളൂ.
ചിലപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് വ്യക്തമാണ്. പൊതുവിലുള്ള അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കാന്‍ നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മോട് അഭ്യര്‍ത്ഥിച്ചാലും, നമ്മുടെ സ്വന്തം പ്രശസ്തി അല്ലെങ്കില്‍ ക്ഷേമം അപകടത്തിലാകുന്ന സാഹചര്യത്തിലും നാം ദൈവത്തോടുള്ള അനുസരണത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ചില സമയങ്ങളില്‍, വലിയ വില കൊടുത്തും നമുക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു ഉറച്ച വിസമ്മതമാണ്.
ദൈവിക രക്ഷാപ്രവര്‍ത്തനം
ഉത്കണ്ഠാകുലനായ ഒരു പൗരനില്‍ നിന്നു ടെലിഫോണിലൂടെ ഒരു അടിയന്തിര സന്ദേശം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍, റെയില്‍വേ ട്രാക്കുകള്‍ക്കരികിലൂടെ തന്റെ ടോര്‍ച്ചും തെളിച്ചുകൊണ്ട്, അന്വേഷണം ആരംഭിച്ചു. ഇരുമ്പു പാളത്തിനുസമീപം ഒരു വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതദ്ദേഹം കണ്ടു. ദൂരെനിന്നു ട്രെയിന്‍ വാഹനത്തിനടുത്തേക്കു പാഞ്ഞുവരുന്നത് സമീപത്തുള്ള ഒരു ക്യാമറ പകര്‍ത്തി. 'ആ ട്രെയിന്‍ അതിവേഗത്തില്‍ വരികയായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'മണിക്കൂറില്‍ അമ്പതു മുതല്‍ എണ്‍പതു വരെ മൈല്‍ വേഗതയില്‍.' ആലോചിച്ചു നില്‍ക്കാതെ, ക്ഷണനേരത്തിനുള്ളില്‍, കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന ഒരാളെ അദ്ദേഹം കാറില്‍ നിന്നു വലിച്ചിറക്കി. അടുത്തനിമിഷം ട്രെയിന്‍ കാറിനെ തട്ടിത്തെറിപ്പിച്ചു.
തിരുവെഴുത്തു ദൈവത്തെ രക്ഷിക്കുന്നവനായി വെളിപ്പെടുത്തുന്നു - പ്രത്യേകിച്ച്, എല്ലാം നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍. മിസ്രയീമില്‍ കുടുങ്ങി, കഠിനമായ അടിച്ചമര്‍ത്തലില്‍ തളര്‍ന്നുപോയ യിസ്രായേല്യര്‍, രക്ഷപ്പെടാനിനി സാധ്യതയില്ലെന്നു കരുതി. എന്നിരുന്നാലും, പുറപ്പാടുപുസ്തകത്തില്‍, ദൈവം അവര്‍ക്കു പ്രത്യാശയുടെ വാക്കുകള്‍ വാഗ്ദത്തം ചെയ്യുന്നു: 'മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു' ദൈവം പറഞ്ഞു. 'ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു' (3:7). ദൈവം കാണുക മാത്രമല്ല - പ്രവര്‍ത്തിക്കുകയും ചെയ്തു. 'അവരെ ... വിടുവിക്കുവാനും ... ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു' (വാ. 8). ദൈവം യിസ്രായേലിനെ അടിമത്തത്തില്‍ നിന്നു പുറപ്പെടുവിച്ചു. ഇതൊരു ദൈവികമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.
ദൈവം യിസ്രായേലിനെ രക്ഷിച്ചത്, ദൈവത്തിന്റെ ഹൃദയത്തെയും അവിടുത്തെ ശക്തിയെയും വെളിപ്പെടുത്തുന്നു. രക്ഷിക്കാന്‍ ദൈവം വന്നില്ലെങ്കില്‍ നാശത്തിലേക്കു പോകുമായിരുന്നവരെ അവിടുന്നു സഹായിക്കുന്നു. നമ്മുടെ സാഹചര്യം ഭയാനകമോ അസാധ്യമോ ആയിരുന്നാലും, നമുക്കു കണ്ണും ഹൃദയവും ഉയര്‍ത്തി രക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവനെ കാത്തിരിക്കാം.
സമ്പൂര്‍ണ്ണ നീതി
1983 ല്‍ ഒരു പതിനാലുകാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൗമാരക്കാരെ അറസ്റ്റു ചെയ്തു. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ''അവന്റെ അത്‌ലറ്റിക് ജാക്കറ്റിന്റെ പേരിലാണ് അവനു വെടിയേറ്റത്.'' ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നുപേരും മുപ്പത്തിയാറു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ്, അവര്‍ നിരപരാധികളാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. മറ്റൊരാളായിരുന്നു കുറ്റം ചെയ്തത്. ജഡ്ജി അവരെ സ്വതന്ത്രരായി വിട്ടയയ്ക്കുന്നതിനു മുമ്പ് അവരോടു ക്ഷമാപണം നടത്തി.
നാം എത്ര ശ്രമിച്ചാലും (നമ്മുടെ ഉദ്യോഗസ്ഥര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും), മനുഷ്യനീതി പലപ്പോഴും തെറ്റിപ്പോകാറുണ്ട്്. നമുക്ക് ഒരിക്കലും എല്ലാ വിവരങ്ങളും ലഭ്യമല്ല. ചിലപ്പോള്‍ സത്യസന്ധരല്ലാത്ത ആളുകള്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. ചിലപ്പോള്‍ നാം തന്നെ തെറ്റിപ്പോകുന്നു. പലപ്പോഴും, തിന്മകള്‍ ശരിയാകുവാന്‍ വര്‍ഷങ്ങളെടുക്കും, ചിലപ്പോള്‍ നമ്മുടെ ജീവിതകാലത്തു തന്നെ അതു സംഭവിക്കണമെന്നില്ല. ചഞ്ചലരായ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി, ദൈവം സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നു. 'അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം'' (ആവര്‍ത്തനം 32:4) എന്നു മോശെ പറയുന്നു. ദൈവം കാര്യങ്ങളെ ഉള്ളതുപോലെ തന്നേ കാണുന്നു. നാം കാര്യങ്ങളെ ഏറ്റവും മോശമായി ചെയ്തുകഴിയുമ്പോള്‍, ദൈവം തന്റെ സമയത്ത് അന്തിമവും ആത്യന്തികവുമായ നീതി ലഭ്യമാക്കും. സമയത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും, 'വിശ്വസ്തതയുള്ള ... വ്യാജമില്ലാത്തവനായ, നീതിയും നേരുമുള്ള'' (വാ. 4) ദൈവത്തെ സേവിക്കുന്നതിനാല്‍ നമുക്ക് ഈ ഉറപ്പുണ്ട്.
എന്താണു ശരി, എന്താണു തെറ്റ് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ നാം ചാഞ്ചാടിയേക്കാം. നമ്മോടോ നമ്മുടെ പ്രിയപ്പെട്ടവരോടോ ചെയ്ത അനീതി ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നു നാം ഭയപ്പെട്ടേക്കാം. എന്നാല്‍ നീതിമാനായ ദൈവം, ഈ ജീവിതത്തിലോ അടുത്തതിലോ, നമുക്കു നീതി നടത്തിത്തരുമെന്നു നമുക്കു ദൈവത്തില്‍ ആശ്രയിക്കാം.
സമൃദ്ധിയായ ജലം
കഠിനമായ വരള്‍ച്ചയുടെയും ചൂടിന്റെയും തീയുടെയും 'കദന കഥയാണ്' റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്. വളരെക്കുറവു മാത്രം മഴ ലഭിച്ച, ഉണങ്ങിവരണ്ട പാടത്തെ തീപടരാന്‍ സഹായിക്കുന്ന ഇന്ധനമാക്കി മാറ്റിയ ഭയാനകമായ ഒരു വര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടു വിവരിച്ചു. മത്സ്യങ്ങള്‍ ചത്തു. ആളിപ്പടര്‍ന്ന അഗ്നി നാട്ടിന്‍പുറങ്ങളെ ചാമ്പലാക്കി. മത്സ്യങ്ങള്‍ ചത്തു. കൃഷി പരാജയപ്പെട്ടു. എല്ലാം സംഭവിച്ചത് നമ്മള്‍ പലപ്പോഴും നിസ്സാരമായി എടുക്കുന്ന ലളിതമായ ഒന്ന് (വെള്ളം) അവര്‍ക്കില്ലായിരുന്നു. നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.
യിസ്രായേലിനും ഭയപ്പെടുത്തുന്ന ആ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പൊടി നിറഞ്ഞതും തരിശായതുമായ മരുഭൂമിയില്‍ ആളുകള്‍ പാളയമടിച്ചിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന ഈ വരികള്‍ നാം വായിക്കുന്നുു: “അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു’’ (പുറപ്പാട് 17:1). ജനങ്ങള്‍ ഭയപ്പെട്ടു. അവരുടെ തൊണ്ട വരണ്ടു. മണല്‍ അവരെ പൊള്ളിച്ചു. അവരുടെ മക്കള്‍ക്കു ദാഹിച്ചു. പരിഭ്രാന്തരായ ആളുകള്‍ വെള്ളം ആവശ്യപ്പെട്ട് “മോശെയോടു കലഹിച്ചു’’ (വാ. 2). എന്നാല്‍ മോശയ്ക്ക് എന്തു ചെയ്യാന്‍ കഴിയും? മോശെക്കു ദൈവത്തിങ്കലേക്കു ചെല്ലാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ദൈവം മോശയ്ക്കു വിചിത്രമായ ഒരു നിര്‍ദ്ദേശം നല്‍കി: “വടിയും കൈയില്‍ എടുത്തു ... കടന്നുപോകുക.... നീ പാറയെ അടിക്കണം; ഉടനെ ജനത്തിനു കുടിക്കുവാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും'' (വാ. 5-6). മോശെ പാറയെ അടിച്ചു, ഒരു നദി ഒഴുകി, ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കും സമൃദ്ധിയായി ജലം ലഭിച്ചു. തങ്ങളുടെ ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ആ ദിവസം യിസ്രായേല്‍ അറിഞ്ഞു. അവരുടെ ദൈവം സമൃദ്ധമായ വെള്ളം നല്‍കി.
നിങ്ങള്‍ ജീവിതത്തില്‍ വരള്‍ച്ചയോ മരുഭൂമിയുടെ അനുഭവമോ അനുഭവിക്കുകയാണെങ്കില്‍, ദൈവം അതിനെക്കുറിച്ച് ബോധവാനാണെന്നും അവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും, നിങ്ങളുടെ ഇല്ലായ്മ എന്തുതന്നെയായാലും, അവന്റെ സമൃദ്ധമായ ജലത്തില്‍ നിങ്ങള്‍ പ്രത്യാശയും ഉന്മേഷവും കണ്ടെത്തും.
പുതിയ കണ്ണുകളിലൂടെ കാണുക
ഒരു സാംസ്‌കാരികപ്രതിഭാസമായി മാറിയ ഒരു വീഡിയോ ഗെയിമില്‍, ഒരു വെര്‍ച്വല്‍ ദ്വീപില്‍ നൂറു കളിക്കാരെ ആക്കിയിട്ട് ഒരു കളിക്കാരന്‍ അവശേഷിക്കുന്നതുവരെ പോരാടുന്നു. ഒരു കളിക്കാരന്‍ നിങ്ങളെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം, ആ കളിക്കാരന്റെ വീക്ഷണ പോയിന്റിലൂടെ നിങ്ങള്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. ഒരു പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുന്നതുപോലെ, 'നിങ്ങള്‍ മറ്റൊരു കളിക്കാരന്റെ ഷൂസില്‍ കാലെടുത്തുവയ്ക്കുകയും അവരുടെ കാഴ്ചപ്പാടില്‍ വസിക്കുകയും ചെയ്യുമ്പോള്‍, വൈകാരിക സ്ഥിതി. . . സ്വയ-സംരക്ഷണത്തില്‍നിന്നു മാറി. . . സാമുദായിക ഐക്യത്തിലേക്കു മാറുകയും . . . അല്പം മുമ്പ്, നിങ്ങളെ ഇല്ലായ്മ ചെയ്ത അപരിചിതനില്‍ നിങ്ങളെത്തന്നെ അനുഭവിക്കാന്‍ തുടങ്ങുന്നു.'
മറ്റൊരാളുടെ അനുഭവം കാണാനായി നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയും നമ്മുടെ സ്വന്തം കാഴ്ചപ്പാടിനപ്പുറത്തേക്കു നോക്കി മറ്റൊരാളുടെ വേദന, ഭയം അല്ലെങ്കില്‍ പ്രതീക്ഷകള്‍ നേരിടുകയും ചെയ്യുമ്പോഴെല്ലാം രൂപാന്തരം സംഭവിക്കുന്നു. നാം യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ'' പകരം 'താഴ്മയോടെ മറ്റുള്ളവനെ നമ്മെക്കാള്‍ ശ്രേഷ്ഠന്‍ എന്നെണ്ണുമ്പോള്‍'' മറിച്ചായിരുന്നെങ്കില്‍ നമുക്കു നഷ്ടമാകുമായിരുന്ന കാര്യങ്ങള്‍ കാണാന്‍ നാം പ്രാപ്തരാകുന്നു (ഫിലി. 2:3). നമ്മുടെ താല്പര്യങ്ങള്‍ വിശാലമാകുന്നു. നാം വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മുടെ സ്വന്തം ആവശ്യങ്ങള്‍, അല്ലെങ്കില്‍ ഉത്ക്കണ്ഠ എന്നിവയില്‍ മാത്രം മുഴുകുന്നതിനുപകരം, മറ്റുള്ളവരുടെ ക്ഷേമത്തിനായി നാം നമ്മെത്തന്നെ നിക്ഷേപിക്കുന്നു. നമ്മുടെ 'സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ'' നാം നോക്കുന്നു (വാ. 4). നാം അഭിവൃദ്ധി പ്രാപിക്കണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളെ സംരക്ഷിക്കുന്നതിനുപകരം, മറ്റുള്ളവരെ വളരാന്‍ സഹായിക്കുന്നതെന്തും നാം സന്തോഷത്തോടെ പിന്തുടരുന്നു.
രൂപാന്തരപ്പെട്ട ഈ കാഴ്ചപ്പാടിലൂടെ നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുന്നു. നമ്മുടെ കുടുംബത്തെ സ്‌നേഹിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തുന്നു. ഒരു ശത്രുവില്‍ നിന്നുപോലും നാം ഒരു സ്‌നേഹിതനെ ഉണ്ടാക്കിയേക്കാം!
സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു
ചെറുപ്പക്കാരായ മിക്ക സമോവന്‍ ആണ്‍കുട്ടികളെയും (ഓസ്‌ട്രേലിയന്‍ തീരത്തുനിന്നകലെയുള്ള ഒരു ദ്വീപ്), തങ്ങളുടെ ജനതയോടും തലവനോടും ഉള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി പച്ചകുത്താറുണ്ട്. സ്വാഭാവികമായും, ഈ അടയാളങ്ങള്‍ സമോവന്‍ പുരുഷ റഗ്ബി റ്റീം അംഗങ്ങളുടെ കൈകള്‍ മൂടുന്ന തരത്തിലുള്ളവയാണ്. ടാറ്റൂകള്‍ക്ക് നെഗറ്റീവ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന ജപ്പാനിലേക്കുള്ള യാത്രയില്‍, അവരുടെ ചിഹ്നങ്ങള്‍ അവരുടെ ആതിഥേയര്‍ക്ക് ഒരു പ്രശ്‌നമാണെന്ന് റ്റീം അംഗങ്ങള്‍ മനസ്സിലാക്കി. സൗഹൃദത്തിന്റെ ഉദാരമായ പ്രവൃത്തിയെന്ന നിലയില്‍, സമോവക്കാര്‍ അവരുടെ ടാറ്റൂകള്‍ മൂടത്തക്കവിധം ചര്‍മ്മങ്ങളുടെ നിറമുള്ള കൈനീളമുള്ള ഉടുപ്പുകള്‍ ധരിച്ചു. “ഞങ്ങള്‍ ജപ്പാന്റെ രീതികളെ ബഹുമാനിക്കുന്നവരും കരുതുന്നവരുമാണ്'' റ്റീം ക്യാപ്റ്റന്‍ വിശദീകരിച്ചു, 'ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയായുള്ളവയാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.'
വ്യക്തിപരമായ ആവിഷ്‌കാരത്തിന് ഊന്നല്‍ നല്‍കുന്ന ഒരു കാലഘട്ടത്തില്‍, സ്വയം പരിമിതപ്പെടുത്തലിനെ അഭിമുഖീകരിക്കുന്നതു ശ്രദ്ധേയമാണ് - അതാണു റോമാലേഖനത്തില്‍ പൗലൊസ് എഴുതിയ ഒരു ആശയം. സ്‌നേഹം ചിലപ്പോള്‍, മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് പൗലൊസ് നമ്മോടു പറയുന്നു. നമ്മുടെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുന്നതിനു പകരം, ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു. സഭയിലെ ചില ആളുകള്‍ 'എന്തും ഭക്ഷിക്കാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു' വാദിക്കുന്ന കാര്യവും മറ്റുള്ളവര്‍ 'സസ്യാദികള്‍ മാത്രം' കഴിക്കുന്നവരാണെന്ന കാര്യവും അപ്പൊസ്തലന്‍ വിശദീകരിച്ചു (റോമര്‍ 14:2). ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നു തോന്നാമെങ്കിലും, ഒന്നാം നൂറ്റാണ്ടില്‍ പഴയനിയമത്തിലെ ഭക്ഷണനിയമങ്ങള്‍ പാലിക്കുന്നതു വിവാദവിഷയമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കുന്നവരോട് ചില പ്രത്യേക വാക്കുകള്‍ പറയുന്നതിനു മുമ്പായി, 'അന്യോന്യം വിധിക്കുന്നത്' അവസാനിപ്പിക്കാന്‍ പൗലൊസ് എല്ലാവരോടും നിര്‍ദ്ദേശിച്ചു (വാ. 13): 'മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്' (വാ. 21).
ചില സമയങ്ങളില്‍, മറ്റൊരാളെ സ്‌നേഹിക്കുകയെന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക എന്നാണ്. നമുക്ക് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതെല്ലാം നാം എല്ലായ്‌പ്പോഴും ചെയ്യേണ്ടതില്ല. ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു.